11/03/2023
ഷുക്കൂർ വക്കീലിന് പെട്ടെന്നൊരു ദിവസം ഇസ്ലാമിന്റെ സ്വത്തു നിയമങ്ങൾ അഹിതമാവാൻ കാരണം താനും ഭാര്യയും അധ്വാനിച്ചു നേടിയ സ്വത്തിന്റെ ഒരു ചെറിയ അംശം മറ്റുള്ളവർക്ക് കൊടുക്കേണ്ടി വരുമല്ലോ എന്ന ഭീകരമായ ചിന്തയാണ് എന്ന് മനസ്സിലാക്കുന്നു. പാവം അതോർത്ത് ദിവസങ്ങളോളം ഉറങ്ങിയിട്ടുണ്ടാവില്ല. ഇപ്പോൾ ഏതായാലും പുനര്വിവാഹമൊക്കെ കഴിഞ്ഞു പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരവും കണ്ടതിനാൽ വക്കീൽ തന്റെ നഷ്ടപ്പെട്ട ഉറക്കം വീണ്ടെടുത്ത് കാണും എന്ന് കരുതുന്നു.
എന്നാൽ ഏറ്റവും വലിയ കോമഡി ഇതൊന്നുമല്ല. താൻ സമ്പാദിച്ച കാൽ പണം തന്റെ കുടുംബത്തിന് പുറത്തേയ്ക്ക് പോവില്ല എന്നുറപ്പ് വരുത്തിയ വക്കീൽ ഉറച്ചു പറയുന്നത് കൂടി കേൾക്കുക. "ഞാനൊരു വിശ്വാസിയായ മുസ്ലിമാണ്. ഈ ചർച്ചയ്ക്ക് മുൻപ് കൂടി പള്ളിയിൽ പോയി നമസ്കരിച്ചിട്ട് വന്നതേയുള്ളൂ".
ശരിയ്ക്കും കേട്ടപ്പോൾ ചിരിയാണ് വന്നത്. സ്വന്തം മക്കൾക്കല്ലാതെ പത്തിന്റെ നയാപൈസ കൊടുത്തു കൂടാ എന്ന് ഉറച്ചു വിശ്വസിയ്ക്കുന്നു, അതിനായി ഏതറ്റം വരെ പോകാനും തയ്യാറാവുന്നു. അങ്ങനെ ഒരാൾ പറയുന്നു താൻ മുസ്ലിമാണെന്ന്. നല്ല തമാശ തന്നെ.
സൂറ അൽ-ബക്ര ഒരിടത്തു പറയുന്നുണ്ട് - "അകീമുൾ സ്വലാത്ത വ ആറ്റുൾ സകാത്ത്". ആദ്യം പറഞ്ഞ ഭാഗം മൂപ്പര് ചർച്ചയ്ക്ക് വരും മുൻപ് തീർപ്പാക്കിയതാണല്ലോ. രണ്ടാമത് പറഞ്ഞതോ? സ്വന്തം മക്കൾക്ക് സക്കാത്ത് കൊട്ത്ത് അതും ഒരു തീരുമാനമാക്കിയാലും, വേറെയുമുണ്ട് കടമ്പ. "കുൾ മാ അൻഫകുത്തും മിൻ ഖ്വൈറിൻ ഫലിൽ വാലിദൈനി വൽ അകറബീന വൽ യത്താമ വൽ മസാകീനി വബിനി സബീൽ". അതായത്, അച്ഛനമ്മമാർക്കും ബന്ധുക്കൾക്കും മാത്രമല്ല അനാഥർക്കും അവശനും വഴിപോക്കന് പോലും ഉള്ളതിന്റെ പങ്ക് കൊടുക്കാൻ ഒരു മുസൽമാൻ ബാധ്യസ്ഥനാണ്.
സ്വന്തം പണം എന്ത് ചെയ്യണമെന്ന് അത് അധ്വാനിച്ചുണ്ടാക്കിയവനോട് മറ്റൊരു മതവും ഒരിടത്തും നിഷ്കര്ഷിച്ചിട്ടുള്ളതായി എനിയ്ക്ക് അറിവില്ല. പക്ഷേ ഇസ്ലാം അത് നിർദ്ദേശിക്കുന്നു എന്ന് മാത്രമല്ല, എങ്ങനെ, എപ്പോൾ, എത്ര എന്ന് വരെ പറയുന്നു. ഇതിനുള്ള കാരണം അന്വേഷിച്ച് ആരും തല പുണ്ണാക്കേണ്ടതില്ല. ഇസ്ലാമിക വിശ്വാസപ്രകാരം നിന്റെ പണം നിന്റേതല്ല, അത് അല്ലാഹുവിന്റേതാണ്. അവിടത്തെ കാരുണ്യവയ്പ്പിനാൽ അത് നിന്റെ കൈയ്യിൽ എത്തിച്ചേർന്നു എന്നതാണ് സത്യം. പക്ഷേ അതിനെല്ലാം നീ മാത്രമാണ് അവകാശി എന്ന അഹന്ത നിനക്ക് നല്ലതല്ല. വക്കീലായാലും വൈസ്രോയിയായാലും.
ഇസ്ലാം വ്യതരിക്തമായ ഒരു സാമൂഹ്യബോധമാണ്, ബോധ്യമാണ്, ബാധ്യതയാണ്. തന്റെ പ്രവർത്തിയും സംസാരവും എന്തിന് ചിന്ത പോലും തന്റെ സമുദായത്തെയും വിശ്വാസത്തെയും മാത്രമല്ല മാനവരാശിയെ തന്നെ എപ്രകാരം സ്വാധീനിക്കും ബാധിക്കും എന്നൊക്കെയുള്ള ചിന്ത ഒരു മുസ്ലീമിന് എപ്പോഴും വേണ്ടത് തന്നെ. ഒരു മുസ്ലീമിന് ഒരു പ്രശ്നവും അവന്റെ സ്വന്തമല്ല, അത് ഉമ്മത്തിന്റെ മുഴുവനാണ്. അതേപോലെ പ്രശ്നപരിഹാരവും സമൂഹത്തിന്റെ ഭാഗമായി നിന്നുകൊണ്ട് മാത്രം തേടേണ്ടതാകുന്നു.
സാമൂഹികവും സാമ്പത്തികവുമായ തുല്യതയും നീതിയും ഉറപ്പാക്കുന്ന ആറാം നൂറ്റാണ്ടിലെ ദൈവീക നിയമങ്ങളുടെ ദൂരക്കാഴ്ച ഒന്നാഴത്തിൽ പരിശോധിച്ചാൽ ധനതത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ബുദ്ധിജീവികളെ വരെ അതിന്റെ കൃത്യത വിസ്മയിപ്പിയ്ക്കുമെന്ന് തീർച്ച. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നാൾക്കുനാൾ വർധിച്ചു വരുന്ന പുരോഗമനസമൂഹങ്ങളിൽ സമ്പത്തിന്റെ പുനർ വിതരണത്തിന് (economic redistribution) ഇസ്ലാം മുന്നോട്ട് വെച്ചിട്ടുള്ള യുക്തിഭദ്രവും ഭാവമയവുമായ മാർഗ്ഗങ്ങൾ അദ്വിതീയമെന്ന് പറയേണ്ടി വരും.
അപ്പോൾ ഒരു മുസ്ലീമിനെ സംബന്ധിച്ച് സക്കാത്തിന് പുറമെ സദ്ഖാ, വഖ്‌ഫ്, റിബാ നിരാസം തുടങ്ങിയ അധിക ബാധ്യതകൾ കൂടി ഏറ്റെടുക്കേണ്ടി വരുന്നു. ഇതൊന്നും പോരാതെ, ആരാണ് മുസ്ലിം എന്നതിന്റെ വിശദീകരണം അൽ-മാവൂൻ പറയുന്നത് കൂടി കേൾക്കുക: "ഫ ദലിയ്ക്ക് അല്ലദി യദ് ഉൽ യതീം, വ ലാ യഹുദ്ദു ആല ത്ആമിൽ മിസ്കീൻ" അതായത് അനാഥന്റെ നേർക്ക് മുഖം തിരിക്കുന്നവനും വിശക്കുന്നവന് ആഹാരം നല്കാത്തവനും മുസ്ലിം നാമധാരി മാത്രമേ ആവുന്നുള്ളൂ, സൂറ അൽ-മായിദ പറയുന്ന "അഖ്‌മൽ ദീനി"ന്റെ ഭാഗമാവില്ല എന്നർത്ഥം.
സ്വത്തിന്റെ കൂമ്പാരമുണ്ടാക്കി അതിന് മുകളിൽ സ്വസ്ഥമായി ഉറങ്ങാമെന്ന ധാരണയുള്ളവരെ സംബന്ധിച്ച് മുസ്ലിമാവുക എന്നത് നഷ്ടക്കച്ചവടമാണ്. "അല്ലാഹു യക്ബിദു വ യബ്‌സിതു വ ഇലൈഹി തുർജാഊൻ" എന്ന ബോധമുള്ളവന് മാത്രം പറഞ്ഞിട്ടുള്ള പണിയാണ് അത്.
Binoj Nair